ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്

ചരിത്രവും ഭൂപ്രകൃതിയും

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ ഉഴവൂര്‍ ബ്ളോക്കില്‍ കുറിച്ചിത്താനം, ഇലക്കാട് (ഭാഗികം), മോനിപ്പിള്ളി (ഭാഗികം) എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്. 1953 ആഗസ്റ്റ് 15-നാണ് 37.58 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. വടക്ക് ഉഴവൂര്‍ പഞ്ചായത്ത്, കിഴക്ക് കരൂര്‍, ഉഴവൂര്‍ പഞ്ചായത്തുകള്‍, തെക്ക് കരൂര്‍, കടപ്ളാമറ്റം പഞ്ചായത്തുകള്‍, പടിഞ്ഞാറ് കുറവിലങ്ങാട്, ഞീഴൂര്‍ പഞ്ചായത്തുകള്‍ എന്നിവയാണ് പഞ്ചായത്തിന്റെ അതിരുകള്‍.

മരവും കാടും നിറഞ്ഞ ഈ പ്രദേശത്തെ ആദ്യകാലത്ത് 'മരങ്കാട്ടുപിള്ളി' എന്നു വിളിച്ചു പോന്നു. പിന്നീട് ഭാഷാന്തരം സംഭവിച്ചാണ് ഇത് മരങ്ങാട്ടുപിള്ളിയായി രൂപാന്തരപ്പെട്ടത്. പഞ്ചായത്തിന്റെ ആദ്യനാമം 'ഇലക്കാട്' എന്നായിരുന്നു. ഇലയെന്നാല്‍ ഭൂമിയെന്നും, പശുവെന്നും അര്‍ഥമുണ്ട്. കാട് എന്നാൽ വനം എന്നോ കാടുപിടിച്ചു കിടന്ന ഭൂമിയെന്നോ, നിബിഡമായ പച്ചിലക്കാടെന്നോ, പശുക്കൾ മേഞ്ഞുനടന്ന പുൽക്കാടെന്നോ ഒക്കെ അർത്ഥമാകാം. ഇല+കാട് ചേർന്നാണ് ഇലക്കാട് എന്ന പേര് ഉണ്ടായത്. 1950-ലെ തിരുവിതാംകൂര്‍-കൊച്ചി പഞ്ചായത്ത് ആക്ടിനു വിധേയമായി രൂപംകൊണ്ട ഈ പൂർവ്വരൂപത്തിന്റെ ആദ്യ പ്രസിഡന്റ് പി.ജെ.തോമസ് പെട്ടയ്ക്കാട്ട് ആയിരുന്നു.

ഏതാണ്ട് എ.ഡി 1000-ാം ആണ്ടിനടുത്ത് തന്നെ ഇന്നത്തെ പരിഷ്കൃത ജനതയുടെ പൂര്‍വികര്‍ ഇവിടങ്ങളില്‍ പാര്‍പ്പുറപ്പിച്ചിട്ടുണ്ടായിരുന്നു എന്നാണ് ചരിത്രം. വടക്കുംകൂര്‍ രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴലായിരുന്നു ഈ നാട്. ആണ്ടൂര്‍പള്ളിപ്പുറം കുടുംബത്തില്‍ നിന്നും വടക്കുംകൂര്‍ രാജാക്കന്മാരെ സേവിച്ചിരുന്ന ചില മന്ത്രിമാരും ഉണ്ടായിരുന്നു. 925-ല്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ കുലശേഖരപെരുമാള്‍ എന്ന വേണാട്ടു രാജാവ് വടക്കുംകൂര്‍ കീഴടക്കി തിരുവിതാംകൂറിനോടു ചേര്‍ത്തതോടെ ഇവിടുത്തുകാർ തിരുവിതാംകൂറുകാരായി മാറി. തുടർന്ന് വടക്കുംകൂര്‍ രാജാവ് സാമൂതിരിയുടെ രാജ്യത്തിലഭയം തേടുകയും ചെയ്തു. പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളില്‍ സമീപ പഞ്ചായത്തുകളില്‍ നിന്നും കൃഷിഭൂമി അന്വേഷിച്ച് എത്തിയ ഭൂരിഭാഗവും ക്രിസ്ത്യാനികളായ ജനങ്ങൾ ഈ പഞ്ചായത്തിൽ കുടിയേറിപ്പാർത്തു.

സ്റ്റേറ്റ് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരകാലത്ത് ഈ നാട്ടുകാരായ പലരും സജീവമായി പ്രവർത്തിച്ചിരുന്നു. പാലായിൽ താമസമാക്കിയിരുന്ന ഡേവിഡ് മഹാപിള്ള, പ്രൊഫസര്‍ കെ.എം.ചാണ്ടി എന്നിവരുമായുള്ള സമ്പര്‍ക്കത്തിലൂടെ മരങ്ങാട്ടുപിള്ളിയില്‍ സ്വാതന്ത്ര്യസന്ദേശം പ്രചരിപ്പിച്ച എം.എം.куര്യന്‍ മറ്റത്തുമാനാല്‍, ടി.ജോണ്‍ പുളുക്കിയില്‍, പി.ആര്‍.അച്ചുതന്‍ ഇടപ്പാട്ടുപടവില്‍ എന്നിവർ പ്രമുഖ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ, 1885-ല്‍ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായ മണ്ണയ്ക്കനാട് ഗവ: യു.പി.സ്കൂള്‍ സ്ഥാപിതമായി.

കടപ്ളാമറ്റം വഴി കിടങ്ങൂര്‍, ചേര്‍പ്പുങ്കല്‍ ഭാഗത്തേക്കും കുറിച്ചിത്താനം വഴി ഉഴവൂര്‍, കൂത്താട്ടുകുളം ഭാഗത്തേക്കും പോകുന്ന റോഡാണ് പഞ്ചായത്തിലെ ആദ്യ പൊതു റോഡ്. പഴയകാലത്ത് എം.സി.റോഡിന്റെ കൂത്താട്ടുകുളം-കിടങ്ങൂര്‍ ഭാഗം ഒരു 'രാജപാത'യായിരുന്നു. കടുത്തുരുത്തിയിലും പാലായിലും പഴയകാലത്തു ജലഗതാഗത കേന്ദ്രങ്ങള്‍ നിലനിന്നിരുന്ന സാഹചര്യത്തിൽ, പഞ്ചായത്തിന്റെ വടക്കു പടിഞ്ഞാറ് അതിര്‍ത്തി ഗ്രാമമായ കുര്യനാടു വഴി കടന്നു പോകുന്ന എം.സി.റോഡിലൂടെ ആദ്യവും പിന്നീട് പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടിയുള്ള കോഴാ-പാലാ റോഡുവഴിയും (1930) ബസ് സർവീസുകൾ ആരംഭിച്ചു.

പഞ്ചായത്തിൽ നിരവധി പ്രമുഖ ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. 1828-ൽ സ്ഥാപിതമായ സെന്റ് ഫ്രാന്‍സിസ് അസ്സീസി പളളി, കുറിച്ചിത്താനം ശ്രീകൃഷ്ണക്ഷേത്രം, കരിപ്പടവത്തുകാവ്, പാറയിൽ ശ്രീധർമ്മശാസ്താക്ഷേത്രം, പാലക്കാട്ടുമല നരസിംഹക്ഷേത്രം, ശിവക്ഷേത്രം, മണ്ണയ്ക്കനാട് ഗണപതിക്ഷേത്രം, കാവില്‍ഭഗവതി ക്ഷേത്രം, കുര്യനാട് ചെറുവള്ളിക്കാവ്, ചേറാടിക്കാവ് ക്ഷേത്രം, വെള്ളാക്കാവ് ക്ഷേത്രം, മൂത്തേടത്ത് ഭഗവതി ക്ഷേത്രം, ആണ്ടൂര്‍ ശിവക്ഷേത്രം എന്നിവയും; മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളി, പൈയ്ക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി, മൌണ്ട് കാര്‍മ്മല്‍ പള്ളി പാലയ്ക്കാട്ടുമല, കുറിച്ചിത്താനം സെന്റ് തോമസ് ചർച്ച്, നിത്യസഹായമാതാപള്ളി പാലയ്ക്കാട്ടുമല, കുര്യനാട് സെന്റ് ആന്‍സ് ആശ്രമ ദേവാലയം എന്നിവയുമാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങൾ.

ഇടവിട്ടിടവിട്ട് ചെറുകുന്നുകളും, നീരൊഴുക്കുകളും, സമതലങ്ങളും, നെല്‍പ്പാടങ്ങളും നിറഞ്ഞതാണ് മരങ്ങാട്ടുപിള്ളിയുടെ ഭൂപ്രകൃതി. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പഞ്ചായത്തിലെ പ്രധാന വിളകള്‍ നെല്ല്, റബ്ബര്‍, തെങ്ങ് എന്നിവയാണ്. തനതായ മലയോരകാര്‍ഷിക ഭൂപ്രകൃതിയുള്ള ഇവിടെ പാലക്കാട്ടുമല, നെല്ലിത്താനത്തുമല, ഉറുകൂടിമല, കാളാമ്പുലിമല, ആലക്കാപള്ളിമല, പേലൂര്‍മല, ശാസ്താംപാറ, കൊടുപിള്ളി എന്നീ മലകൾ പ്രകൃതിയുടെ അനുഗ്രഹങ്ങളാണ്. ഇതിൽ ആലക്കപിള്ളി, കാളാമ്പുലി മല, നാടുകുന്ന് എന്നിവ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന സ്ഥലങ്ങളാണ്.

ദേശീയ-അന്തർദ്ദേശീയ തലത്തിൽ അറിയപ്പെടുന്ന നിരവധി സ്ഥാപനങ്ങളും വ്യക്തിത്വങ്ങളും ഈ നാടിന്റെ അഭിമാനമാണ്. ലേബര്‍ ഇന്‍ഡ്യാ പബ്ളിക്കഷേന്‍സ് മരങ്ങാട്ടുപിള്ളി, ശ്രീധരി ഫാര്‍മസ്യൂട്ടിക്കല്‍സ് കുറിച്ചിത്താനം, നീരാക്കല്‍ ഗ്ളൌസ് മരങ്ങാട്ടുപിള്ളി, ലേബര്‍ ഇന്ത്യാ ഗുരുകുലം പബ്ളിക് സ്കൂള്‍, മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ മാതൃവിദ്യാലയമായ കെ.ആര്‍.നാരായണന്‍ ഗവ.എല്‍.പി. സ്കൂള്‍ കുറിച്ചിത്താനം എന്നിവ ഈ പ്രദേശത്തെ പ്രശസ്തമായ സ്ഥാപനങ്ങളാണ്. കൂടാതെ, മുൻ രാഷ്ട്രപതി കെ.ആർ.നാരായണനെ കൂടാതെ സാഹിത്യകാരന്മാരായ സി.കെ.മറ്റം, കെ.എസ്.നമ്പൂതിരി, പാരമ്പര്യചികിത്സകനായ മണിയമ്പ്ര തോമസ് വൈദ്യന്‍ ആണ്ടൂര്‍, സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന ഫാദര്‍ വര്‍ക്കി കത്തനാര്‍ തുടങ്ങിയവരും ഈ പഞ്ചായത്തിലെ പ്രശസ്തരായ വ്യക്തികളായിരുന്നു.